മലയോരത്തിന്റെ സുരക്ഷയ്ക്ക് അഗ്നിരക്ഷാനിലയം വേണം



ശ്രീകണ്ഠപുരം: വേനൽ കടുത്തതോടെ മലയോര മേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപ്പിടിത്തം വ്യാപകമായി. മലയോരഗ്രാമങ്ങളിലെ കശുമാവിൻത്തോട്ടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലാണ് രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ തീപ്പിടിത്തമുണ്ടായത്.

ഇത്തരം അപകടങ്ങളുണ്ടായാൽ എത്തേണ്ട അഗ്നിരക്ഷാസേനയ്ക്ക് മലയോരകേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഓഫീസ് സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. യു.ഡി.എഫ്. സർക്കാരും എൽ.ഡി.എഫ്. സർക്കാരും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടും തുടർനടപടികളൊന്നുമുണ്ടായില്ല.

കഴിഞ്ഞമാസം തോപ്പിലായിൽ നാലേക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കശുമാവിൻ തോട്ടത്തിൽ തീപിടിച്ച് 30 മരങ്ങളും പുൽപ്പടർപ്പുകളും കത്തിനശിച്ചിരുന്നു. ചെങ്ങളായി പഞ്ചായത്തിലെ കൂനത്ത് ഒരേക്കറോളം സ്ഥലവും തീപിടിച്ച് കത്തിനശിച്ചു. നടുവിൽ മണ്ടളത്തും ഒരേക്കർ സ്ഥലത്ത് തീപ്പിടിത്തമുണ്ടായി. ഈ സമയത്തെല്ലാം കിലോമീറ്ററുകൾ അകലെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

പലപ്പോഴും മലയോരമേഖലകളിൽ തീപ്പിടിത്തവും മറ്റ് അപകടങ്ങളും നടക്കുമ്പോൾ കൃത്യസമയത്ത് എത്താൻ അഗ്നിരക്ഷാസേനയ്ക്കും സാധിക്കാറില്ല. ഉൾഗ്രാമങ്ങളിൽ പ്രകൃതിദുരന്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞശേഷമാണ് പലപ്പോഴും അഗ്നിരക്ഷാസേന അതിർത്തിഗ്രാമങ്ങളിലെത്താറുള്ളത്.

അപകടങ്ങൾ പതിവ്

ജില്ലയിൽ 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയം കൂടുതൽ ബാധിച്ചത് ശ്രീകണ്ഠപുരം മേഖലെയാണ്. ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷങ്ങളിൽ 18 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. വേനൽക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമലയിലും പാലക്കയംതട്ടിലും കാഞ്ഞിരക്കൊല്ലിയിലും മലയോരത്തെ മറ്റ് ഗ്രാമങ്ങളിലും കാട്ടുതീയും പതിവാണ്. ചെങ്ങളായി, പയ്യാവൂർ, ശ്രീകണ്ഠപുരം, പൊടിക്കളം പുഴകളിൽ നാലുവർഷത്തിനിടെ വിദ്യാർഥികളടക്കം ഇരുപതോളം പേർ മുങ്ങിമരിച്ചിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. തക്കസമയത്ത് അഗ്നിരക്ഷാസേനയുടെ സേവനം കിട്ടിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു.

പ്രഖ്യാപനത്തിലൊതുങ്ങി

ശ്രീകണ്ഠപുരത്ത് കൊട്ടൂർവയലിൽ നഗരസഭയുടെ ഏക്കറുകണക്കിന് ഭൂമിയും മാലിന്യ പ്ലാൻറിനും ആധുനിക അറവുശാലക്കും വേണ്ടിയൊരുക്കിയ വലിയ രണ്ട് കെട്ടിടങ്ങളുമുണ്ട്. മാലിന്യ പ്ലാൻറിനെതിരേ പ്രദേശവാസികൾ സമരവുമായി രംഗത്തുവന്നതിനാലാണ് കോടിക്കണക്കിന് രൂപ മുടക്കിയ കെട്ടിടവും സ്ഥലവും അനാഥമായത്. അഗ്നിരക്ഷാനിലയം വരികയാണെങ്കിൽ ഇവിടെ പ്രവർത്തിക്കാനാവും. കൂടാതെ കക്കണ്ണൻപാറ കലാഗ്രാമത്തോട് ചേർന്നുള്ള സർക്കാർഭൂമിയും അനുയോജ്യമാണ്. തീപ്പിടിത്തവും ഉരുൾപ്പൊട്ടലും പ്രളയവും മുങ്ങിമരണങ്ങളും മറ്റ് ദുരന്തങ്ങളും തനിയാവർത്തനമായ മലയോരത്ത് വൈകാതെ ശ്രീകണ്ഠപുരം കേന്ദ്രമായി അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement