ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 617 കോടി രൂപ ചെലവിട്ടാണ് ആശുപത്രി പണിയുന്നത്. ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) നിര്‍മിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 500 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെൻ്റർ, 10 ഓപറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം. ട്രാൻസ്‌പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്‌സുകൾക്കും പദ്ധതിയുണ്ട്. വർഷം തോറും 1,100 കോർണിയ ട്രാൻസ്‌പ്ലാൻ്റുകൾ, 520 വൃക്ക ട്രാൻസ്പ്ലാന്റുകൾ, 320 കരൾ ട്രാൻസ്പ്ലാന്റുകൾ, 15 ആന്ത്ര (ഇൻസ്റ്റൈനൽ) ട്രാൻസ്‌പ്ലാന്റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്റുകൾ, 40 ശ്വാസകോശ ട്രാൻസ്‌പ്ലാന്റുകൾ, 120 ബോൺ മാരോ ട്രാൻസ്‌പ്ലാന്റുകൾ, 300 സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം ട്രാൻസ്‌പ്ലാൻ്റുകൾ എന്നിവ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമാണം.

إرسال تعليق