സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി അഞ്ചു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇടുക്കി പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ, തിങ്കൾകാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ മരക്കാനത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ശബരിമലയ്ക്ക് പോകുന്നതിനുള്ള കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ തന്നെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ എൻ.ഡി.ആർ.എഫും സ്കൂബ ടീമും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. വെങ്ങണിശ്ശേരി സ്വദേശി മധുവിന്റെ മകൻ ആദി കൃഷ്ണ ആണ് മരിച്ചത്. കോഴിക്കോട് തിരുവമ്പാടിയിൽ പുഴയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി. തമിഴ്നാട് സ്വദേശി നൗഫൽ (20), രാമേശ്വരം സ്വദേശി മൻസൂർ (21) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

إرسال تعليق